12:57am 19 November 2026
NEWS
പാതയുടെ പണി ബാക്കി, ടോൾ പിരിവിന് നീക്കം; പാരിപ്പള്ളിയും തുറവൂരും പട്ടികയിൽ
17/11/2026  07:54 AM IST
ന്യൂസ് ബ്യൂറോ
പാതയുടെ പണി ബാക്കി, ടോൾ പിരിവിന് നീക്കം; പാരിപ്പള്ളിയും തുറവൂരും പട്ടികയിൽ

തിരുവനന്തപുരം:ദേശീയപാത വികസനം പൂർത്തിയാകാത്ത റീച്ചുകളിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നു. നിർമാണം 80 ശതമാനം പൂർത്തിയായ ഭാഗങ്ങളിൽ ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ. കൊല്ലം ബൈപ്പാസ്–കടമ്പാട്ടുകോണം റീച്ചിലെ പാരിപ്പള്ളിയിലും തുറവൂരിലെ 12.5 കിലോമീറ്റർ മേൽപ്പാലത്തിലും പിരിവ് ഉടൻ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ചില റീച്ചുകളിൽ നിർമാണം അവസാനഘട്ടത്തിലെത്തിയെങ്കിലും കടമ്പാട്ടുകോണം–കഴക്കൂട്ടം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഗണ്യമായ പ്രവൃത്തികൾ ബാക്കിയാണ്. പണി തീരാത്ത മേൽപ്പാലങ്ങൾക്കു സമീപം വാഹനങ്ങൾ സർവീസ് റോഡുകളിലേക്ക് തിരിച്ചുവിടുകയാണ്. ഇടുങ്ങിയ സർവീസ് റോഡുകളും വലിയ കുഴികളും യാത്ര ദുഷ്കരമാക്കുന്നതിനൊപ്പം അപകടസാധ്യതയും ഉയർത്തുന്നു. യാത്രയുടെ ഒരു ഭാഗം ഇത്തരം വഴികളിലൂടെ തുടരേണ്ടിവരുമ്പോൾ ടോൾ ഈടാക്കുന്നതാണ് പ്രധാന എതിർപ്പ്.
നാട്ടികയിൽ നിർത്തിയ പിരിവ് മണിക്കൂറുകൾക്കകം പുനരാരംഭിച്ചു
തൃശൂർ നാട്ടികയിൽ ഒക്ടോബർ എട്ടിന് ആരംഭിച്ച ടോൾ പിരിവ് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് നിർത്തിവച്ചെങ്കിലും മണിക്കൂറുകൾക്കകം പുനരാരംഭിച്ചു. ജില്ലയിലെ 63 കിലോമീറ്റർ ദേശീയപാതയിൽ പത്തോളം കിലോമീറ്ററിലെ നിർമാണം ഇനിയും ബാക്കിയാണ്. ചേറ്റുവ പാലം, പെരിഞ്ഞനം മേൽപ്പാലം, എടമുട്ടം അടിപ്പാത എന്നിവയും പൂർത്തിയായിട്ടില്ല.
പന്തീരാങ്കാവിലും സർവീസ് റോഡ് പൂർത്തിയായില്ല
കോഴിക്കോട് ബൈപ്പാസിൽ പന്തീരാങ്കാവിലാണ് ടോൾ പിരിവ്. ഇവിടെ രണ്ടിടത്ത് നൂറു മീറ്റർ വീതം സർവീസ് റോഡിന്റെ നിർമാണം ബാക്കിയാണ്. അഴിയൂർ–വെങ്ങളം ഭാഗത്തെ നിർമാണം 80 ശതമാനത്തിൽ താഴെയാണെന്നാണ് റിപ്പോർട്ട്. പന്തീരാങ്കാവിൽ ടോൾ നൽകി കണ്ണൂർ ഭാഗത്തേക്കു പോകുന്നവർ വെങ്ങളം പിന്നിട്ടാൽ നിർമാണം പൂർത്തിയാകാത്ത പാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നു
കരാർ പ്രവൃത്തികളിലെ കാലതാമസം, മണ്ണും പാറയും ലഭിക്കുന്നതിലെ തടസ്സങ്ങൾ, രൂപരേഖയിലെ മാറ്റങ്ങൾ, പുതിയ അടിപ്പാതകൾക്കും മേൽപ്പാലങ്ങൾക്കും അനുമതി ലഭിക്കുന്നതിലെ വൈകൽ എന്നിവയാണ് വിവിധ റീച്ചുകളിലെ നിർമാണം നീളാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ റീച്ചിലെയും ശേഷിക്കുന്ന പ്രവൃത്തികളും അവ പൂർത്തിയാക്കാനുള്ള തീയതിയും ദേശീയപാത അതോറിറ്റി പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം. പ്രധാന പാതയ്‌ക്കൊപ്പം സർവീസ് റോഡുകളും മേൽപ്പാലങ്ങളും അടിപ്പാതകളും പൂർത്തിയാക്കിയ ശേഷമേ ടോൾ പിരിവ് ആരംഭിക്കാവൂ എന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ മുൻകൂട്ടി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img